പാണ്ഡവരുടേയും കൗരവരുടേയും ആയുധപരീക്ഷ. അത് കഴിഞ്ഞാൽ മധ്യവേനലവധിയാണ്. അന്ന് 100% ക്ഷാത്രഗോത്രജർക്ക് സംവരണമുളള ആ പരീക്ഷയ്ക്കിടയിലാണ് എവിടെ നിന്നോ കർണ്ണൻ പ്രത്യക്ഷപ്പെട്ട് അർജ്ജുനൻ ചെയ്യുന്ന ആയുധവിദ്യകളൊക്കെ ചെയ്യുന്നത്. സ്റ്റേഡിയത്തിലെ വ്യൂവർഷിപ്പ് വർദ്ധിച്ചു. കരഘോഷങ്ങൾ, മെക്സിക്കൻ വേവ്സ്, ബെല്ലി ഡാൻസ്....
അവസാനം അർജുനനെ കർണ്ണൻ ദ്വന്ദയുദ്ധത്തിന് വെല്ലുവിളിക്കുന്നു. ഡക്ക് വർത്ത് ലൂയീ നിയമമറിയുന്ന കൃപാചര്യർ വിസില് വിളിച്ചു.
കർണ്ണനോട് പറഞ്ഞു. " ദിസ് ഗയ് ഈസ് അർജുൻ, സൺ ഓഫ് പാണ്ഡു, ദി പ്രിൻസ്. വാട്ട് എബൗട്ട് യൂ?
ഹേ യുവാവേ, നീ നിന്റെ കുലവും നാടും വ്യക്തമാക്കുക." കൃപാചര്യർ ഗ്ളാഡിയേറ്ററുമാരുടെ ഭരണഘടന വായിച്ചു.
നിസ്സഹായനായി നിന്ന കർണ്ണൻ പൊടിപുരണ്ട പരീക്ഷാവേദിയുടെ വാതിൽക്കൽ വേച്ചു വന്നെത്തിനിൽക്കുന്ന വൃദ്ധനായ പിതാവിനെ കാണുന്നു. അധിരഥൻ. തേരാളി. അദർ ബാക് വേഡ് ക്ളാസ്.
കർണ്ണൻ സൂതപുത്രനാണെന്ന് തിരിച്ചറിഞ്ഞ
ഭീമൻ സോഷ്യോ-എക്കണോമിക് സർക്കാസം തുടങ്ങി.
"ഹേ തേരാളീ, നീ നിന്റെ ചാട്ടയുമായ് പോയ് തേര് തെളിക്കൂ."
ദുര്യോധനന് പെട്ടെന്ന് തോന്നി:
'അയ്യോ, ഞാൻ സാമൂഹ്യനീതി ഉറപ്പാക്കിയില്ലല്ലോ?' അങ്ങനെ ഭാരതത്തിൽ ആദ്യമായി സാമ്പത്തികസാമൂഹിക സംവരണം ദുര്യോധനൻ കൊണ്ട് വന്നു;
കർണ്ണനെ നോക്കി ദുര്യോധനൻ പ്രഖ്യാപിച്ചു: ഇവന് അംഗരാജ്യം; ഇവൻ അംഗരാജൻ.
കർണ്ണൻ നേരെ നോൺ ക്രീമിലെയറിൽ നിന്നും ക്രീമിലെയറിലേക്ക്. വില്ലേജ് ഓഫീസർ മുതൽ അഡീഷണൽ സെക്രട്ടറി (റെവന്യൂ) വരെ ഞെട്ടി. ഋഗ്വേദം പത്താമദ്ധ്യായം പുരുഷസൂക്തം, മനുസ്മൃതി വാല്യം വൺ, മാനുവൽ ഓഫ് ഓഫീസ് പ്രൊസീഡിംസ് മുഴുവൻ റെഫർ ചെയ്തു. ചട്ടലംഘനം. ഭരണഘടനാ വിരുദ്ധം. ധർമ്മച്യുതി.
ദുര്യോധനൻ പിതാവിന്റെ റാറ്റിഫിക്കേഷൻ ഓർഡറിന്റെ അസ്സൽപകർപ്പ് കാണിച്ചു. സർവ്വം ശാന്തം.
സംവരണത്തിലൂടെ ക്ഷത്രിയനായിത്തീർന്ന കർണ്ണൻ ദ്രൗപതീ സ്വയംവരത്തിന് പോകുന്നു. ദ്രുപതന്റെ ഏകമകൾ. ശുദ്ധം. വരന്റെ ജില്ല പ്രശ്നമല്ല. മറ്റു ഡിമാന്റുകളില്ല. ബ്യൂറോ അല്ല.
അംഗരാജാവിന്റെ അടുത്ത പരീക്ഷ. നോൺ ഒബ്ജക്ടീവ് ടൈപ്പ്. വില്ല്. ശരം. പ്രതിബിംബം. പക്ഷി. കണ്ണ്. അഖണ്ഢഭാരതത്തിലെ ക്ഷാത്രഗോത്രജർ വില്ലെടുക്കാൻ പറ്റാതെ ലജ്ജിതരായ് മടങ്ങുന്നു.
അംഗരാജൻ കർണ്ണന്റെ ഊഴം. പുഷ്പം പോലെ വില്ലെടുക്കുന്നു. പെട്ടെന്ന് മുഴക്കത്തിൽ ഒരു സ്ത്രീ ശബ്ദം. ദ്രൗപതിയാണ്.
" നാഹം വരയാമി സൂതം".
കറസ്പോണ്ടൻസ് കോഴ്സ് വഴി സംസ്കൃതം പഠിച്ച കർണ്ണന് ദ്രൗപതി മൊഴിഞ്ഞ കാര്യം മനസ്സിലായി. സൂതനെ ഞാൻ വിവാഹം കഴിക്കില്ല.
സൂര്യനെ അമർഷത്തോടും പരിഹാസത്തോടും നോക്കി കർണ്ണൻ വില്ലുപേക്ഷിച്ച് മടങ്ങുന്നു. ജാതി ചോദിച്ചു ജീവിതത്തിലുടനീളം പരസ്യമായി അപമാനിക്കപ്പെടുന്നുണ്ട് കർണ്ണൻ.
കർണ്ണന്റെ ബലമറിയാവുന്ന കൃഷ്ണൻ കുരുക്ഷേത്രയുദ്ധം തുടങ്ങുമ്പോൾ കർണ്ണന് ഒരു ഓഫർ കണ്ണിങ്ങായ് വെയ്ക്കുന്നുണ്ട്.
" ഡ്യൂഡ്, നീ കുന്തീപുത്രനാണ്. നീ പാണ്ഡവപക്ഷത്തേക്ക് വരൂ. ജ്യേഷ്ഠപാണ്ഡവനാകൂ. സാമ്രാജ്യവും സിംഹാസനവും നിനക്ക് സ്വന്തം; കൂടെ പാഞ്ചാലിയും."
ഒറ്റത്തളളയ്ക്ക് പിറന്നതായത് കൊണ്ട് കർണ്ണൻ ആ ഓഫർ നിരസിച്ചു.
പിന്നെയാണ് അർജ്ജുനന്റെ ബയോളജിക്കൽ ഫാദർ ദേവേന്ദ്രൻ കവചകുണ്ഡലങ്ങൾ വാങ്ങാൻ ബ്രാഹ്മണരൂപത്തിൽ വരുന്നതും ചതിക്കുന്നതും.
യുദ്ധഭൂമിയിൽ ആയുധമില്ലാതെ നിൽക്കുന്ന കർണ്ണനെന്റെ നേരെ കൃഷ്ണൻ അർജ്ജുനനോട് അമ്പെയ്യാൻ ആവശ്യപ്പെടുന്നുണ്ട്. യുദ്ധനിയമങ്ങൾക്കെതിരായിട്ടും അർജ്ജുനന് യാതൊരു ധർമ്മാശന്കയും വിഷാദയോഗവും ഉണ്ടായില്ല. പുളളി ക്ഷത്രിയധർമ്മം നിറവേറ്റി.
ഉന്നതകുലജാതരാലും അവരുടെ ദൈവങ്ങളാലും വഞ്ചിക്കപ്പെട്ട ഈ വീരനായകന്റെ കഥ പടപ്പാട്ടുകളായ് സൂതന്മാരാലും,മാഗധന്മാരാലും,കുശീലവന്മാരാലും ആലപിക്കപ്പെട്ട് ഒരു ഇതിഹാസമായ് വളർന്നു. മഹാഭാരതമായ്.

Comments
Post a Comment